ഭൂമിശാസ്ത്രം
വെട്ടിക്കവല പഞ്ചായത്ത് സമതലങ്ങളും കുന്നുകളും താഴ്വരകളും നിറഞ്ഞ ഒരു ഭൂപ്രദേശമാണ്. കല്ലടയാറിന്റെയും ഇത്തിക്കരയാറിന്റെയും പോഷകനദികള്‍ ഇവിടെ നിന്നും ഉത്ഭവിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി വെട്ടിക്കവല പഞ്ചായത്തിന്റെ സ്ഥാനം ഇടനാട്ടിലാണെങ്കിലും കിഴക്കന്‍പ്രദേശങ്ങള്‍ ഉന്നതി അനുസരിച്ച് മലനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്നു. പ്രദേശത്തിന്റെ പൊതുവായ ചരിവ് തെക്കുനിന്നും വടക്കോട്ടാണ്, എന്നാല്‍ തെക്കുനിന്നും പടിഞ്ഞാറോട്ടും വടക്കുനിന്നും കിഴക്കോട്ടും ചരിവുകളുളളതായിക്കാണാം. വടക്കുഭാഗത്ത് മേലില പഞ്ചായത്ത്, വടക്കുകിഴക്കുഭാഗത്ത് വിളക്കുടി പഞ്ചായത്ത്, കിഴക്കുഭാഗത്ത് കരവാളൂര്‍ പഞ്ചായത്ത്, തെക്കുഭാഗത്ത് ഉമ്മന്നൂര്‍ പഞ്ചായത്ത്, തെക്കുകിഴക്കുഭാഗത്ത് ഇടമുളയ്ക്കല്‍ പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് കൊട്ടാരക്കര പഞ്ചായത്ത് എന്നിവയാണ് വെട്ടിക്കവലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍. ഭൂപ്രകൃതി അനുസരിച്ച് വെട്ടിക്കവലയെ സമാന്തരങ്ങളായ കുന്നില്‍നിരകള്‍, ഒറ്റപ്പെട്ടുനില്‍ക്കുന്ന പ്രദേശങ്ങള്‍, ചരിവുപ്രദേശങ്ങള്‍, താഴ്വരകള്‍ എന്നിങ്ങനെ പ്രധാനമായും നാലായി തരംതിരിക്കാം. വടക്കുഭാഗത്ത് വെട്ടിക്കവല മുതല്‍ പടിഞ്ഞാറോട്ട് കിടക്കുന്ന നീണ്ട ഉയര്‍ന്ന പ്രദേശങ്ങള്‍, ഇതിനു സമാന്തരമായി കണ്ണംകോടിന് വടക്കായി കാണുന്ന താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങള്‍, സദാനന്ദപുരം, കണ്ണംകോട്, ചിരട്ടക്കോണം തുടങ്ങി കുരുമ്പേലില്‍ ജംഗ്ഷന്‍ വരെ കാണുന്ന ഉയര്‍ന്ന നിരകള്‍ എന്നിവ ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു. ഇവിടെ റബ്ബറും, മിശ്രിതമരങ്ങളും കൃഷി ചെയ്യപ്പെടുന്നു. ലാറ്ററൈറ്റ് മണ്ണാണ് ഇവിടെ കാണുന്നത്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 51.8% വരുന്ന ചരിവുപ്രദേശങ്ങളെ താരതമ്യേന ചരിവു കൂടിയ പ്രദേശങ്ങളെന്നും ചെറിയ ചെരിവുള്ള പ്രദേശങ്ങളെന്നും രണ്ടായിത്തിരിക്കാം. കമുകീന്‍കോടു വാര്‍ഡിന്റെ തെക്കുകിഴക്കു കാണുന്ന കുന്നിന്‍ചരിവുകള്‍, ഇരണൂറിന് പടിഞ്ഞാറു കാണുന്ന കുന്നിന്‍ചരിവുകള്‍, കോക്കാടിന് പടിഞ്ഞാറുള്ള കുന്നിന്‍ചരിവുകള്‍, ഇവയാണ് താരതമ്യേന ചരിവുകൂടിയ പ്രദേശങ്ങള്‍. മഴക്കാലത്ത് ഇവിടെ മണ്ണൊലിപ്പ് ഉണ്ടാകാറുണ്ട്. റബ്ബര്‍, മരച്ചീനി, വാഴ, അപൂര്‍വ്വമായി തെങ്ങുകള്‍ എന്നിവ ഇവിടെ കൃഷിചെയ്യുന്നു. തലച്ചിറ, കണ്ണംകോട്, തെറ്റിയോട് ഭാഗങ്ങള്‍ വെട്ടിക്കവലയുടെ പടിഞ്ഞാറുഭാഗങ്ങള്‍ എന്നിവ ചെറിയ ചരിവുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. റബ്ബര്‍, മിശ്രിതവിളകള്‍, തെങ്ങ്, മിശ്രിതമരങ്ങള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ കൃഷിചെയ്യുന്നു. ജല ലഭ്യത മിതമായിട്ടുള്ള പ്രദേശങ്ങളാണിവ. താഴ്വരകള്‍ എല്ലാംതന്നെ തോടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പനവേലി തോട് ഒഴുകുന്ന ഭാഗങ്ങള്‍ പ്രത്യേകിച്ച് പനവേലിക്കു പടിഞ്ഞാറു തുടങ്ങി നെടുമണ്‍കാവു വഴി പടിഞ്ഞാറോട്ടു പോകുന്ന ഭാഗങ്ങള്‍, വടക്കോട്ട് ചക്കുവരയ്ക്കല്‍ ഭാഗത്തേയ്ക്ക് പോകുന്ന തലച്ചിറതോടും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളും നെല്ലിക്കോട് ഏലാ എന്നിവയും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇത് ആകെ വിസ്തൃതിയുടെ 33.6% ആണ്. ഇവിടത്തെ പ്രധാന കൃഷി നെല്ലാണ്. കൂടാതെ വാഴ, ഇഞ്ചി, മരച്ചീനി എന്നിവയും കൃഷിചെയ്യുന്നു. തെക്കന്‍ ഇടനാട് കാര്‍ഷികമേഖലയിലാണ് വെട്ടിക്കവല പഞ്ചായത്ത് ഉള്‍പ്പെടുന്നത്. ജില്ലയിലെ കാലാവസ്ഥ തന്നെയാണ് വലിയ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ പഞ്ചായത്തിലും അനുഭവപ്പെടുന്നത്. തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന ജലസ്രോതസ്സുകള്‍. ഇടവം, തുലാം, വൃശ്ചികം, മാസങ്ങളിലാണ് പഞ്ചായത്തില്‍ നല്ല മഴ ലഭിക്കുന്നത്. വരള്‍ച്ച അനുഭവപ്പെടുന്നത് മകരം, കുംഭം മാസങ്ങളിലാണ്. രണ്ടു പ്രധാന നദികളുടെ തോടുകളാണ് പഞ്ചായത്തിലുള്ളത്. വടക്കുഭാഗത്തുള്ള പുഴകള്‍ കല്ലട നദീതല വ്യവസ്ഥയിലും തെക്കു പടിഞ്ഞാറുള്ള പനവേലിതോട്, തെറ്റിയോട്, ഏലാ തോട് എന്നിവ ഇത്തിക്കര നദീതട വ്യവസ്ഥയിലുമാണ്. കോട്ടവട്ടം, ചക്കുവരയ്ക്കല്‍ തോട്, നെല്ലിക്കോട് ഏലാ തോട്, തെറ്റിയോട് ഏലാ തോട്, പനവേലി തോട്, കോട്ടൂര്‍ തോട്, എന്നിവയാണ് പഞ്ചായത്തിലെ പ്രധാന തോടുകള്‍. ഇവയുടെ ആകെ നീളം 55 കി.മീറ്ററാണ്. ഇവ കൂടാതെ കനാലുകളും പഞ്ചായത്തിനാവശ്യമായ ജലം നല്‍കുന്നുണ്ട്. പഞ്ചായത്തിലെ കനാലുകളുടെ ആകെ നീളം 10.92 കിലോമീറ്ററാണ്.